150 രൂപ കൂലിക്ക് കേരളത്തിൽ വന്ന ബംഗാളി പയ്യൻ 13 വർഷങ്ങൾ കൊണ്ട് കോടീശ്വരൻ, മിലൻ ഷേഖിന്റെ കീഴിൽ മലയാളികളടക്കം 25 തൊഴിലാളികൾ

Milan  


 കൊച്ചി: ബംഗാളി പയ്യൻ മിലൻ ഷേഖ് ഒരു പാഠമാണ്. കൃഷിയുടെ വലിയ പാഠം. കേരളത്തിലെ കർഷകർ നഷ്ടക്കണക്കുകൾ പറയുമ്പോൾ ഇവിടെ പാട്ടക്കൃഷി നടത്തുന്ന ഈ 28കാരന് ലാഭക്കണക്കുമാത്രം.

വിളവിലേറെയും വിദേശത്തേക്ക് അയയ്ക്കുന്നു. പശ്ചിമബംഗാൾ ഗോകുൽചാക് സ്വദേശിയായ മിലൻ ഷേഖ് പതിനഞ്ചാം വയസിൽ കൂട്ടുകാരനെ കാണാനെത്തിയതാണ്. കൃഷിപ്പണിചെയ്തായിരുന്നു ഉപജീവനം. എറണാകുളം ജില്ലയിലെ വിവിധയിടങ്ങളിലായി 50 ഏക്കർ പാട്ടത്തിനെടുത്താണ് ഇപ്പോൾ കൃഷി. വാഴ, മരച്ചീനി എന്നിവയാണ് മുഖ്യം. ഇടവിളയായി പച്ചക്കറിയുമുണ്ട്. വീട്ടുകാരോടുപോലും പറയാതെയാണ് 2010ൽ എറണാകുളത്തെത്തിയത്. നെടുമ്പാശേരിയിൽ കൃഷിപ്പണിക്കെത്തിയ ആത്മസുഹൃത്ത് ബാബുവിനെ കാണാനായിരുന്നു വരവ്. ബാബു നല്കിയ പണം കൊണ്ടായിരുന്നു യാത്ര. ജോലി അന്വേഷിച്ചെങ്കിലും, 15കാരന് പണി കൊടുത്താൽ 'പണികിട്ടുമെന്ന്' പേടിച്ച് ആരും നല്കിയില്ല. കാത്തിരിപ്പിനൊടുവിൽ

ആലുവക്കാരനായ കർഷകൻ ജോലിനൽകി. 150 രൂപ ദിവസക്കൂലി. ഒരുവർഷം കഴിഞ്ഞ് മറ്റൊരിടത്തേക്കുമാറി. അപ്പോഴേക്കും കേരളത്തിലെ കൃഷിരീതി മനഃപാഠമായി. നന്നായി മലയാളം സംസാരിക്കും. സ്വർണം പണപ്പെടുത്തി ഉപയോഗിച്ച് 2019ലാണ് പാട്ടത്തിന് സ്ഥലമെടുത്ത് കൃഷിയിറക്കിയത്. വാഴയും കപ്പയും നൂറുമേനി വിളഞ്ഞതോടെ മറ്റൊരു സ്ഥലംകൂടി പാട്ടത്തിനെടുത്തു. സംഘടിപ്പിച്ച പണവും നെടുമ്പാശേരി, ദേശം, ശ്രീമൂലനഗരം, ചെങ്ങമനാട്, ദേവഗിരി എന്നിവിടങ്ങളിലായി 50 ഏക്കറിലാണിപ്പോൾ കൃഷി. ഒരുകോടിക്ക് മേലെയാണ് പ്രതിവർഷ വിറ്റുവരവ്. പകുതിയിൽ കൂടുതലും കൃഷിക്കായി നീക്കിവയ്ക്കും. മലയാളികളടക്കം 25ലേറെപ്പേർ പണിക്കുണ്ട്. മാതാപിതാക്കളായ അഷ്റഫ് അലി, ഫാത്തിമ എന്നിവരെയും സഹോദരങ്ങളെയും വർഷത്തിലൊരിക്കൽ കേരളത്തിലേക്ക് കൊണ്ടുവരാറുണ്ട്. കേരളത്തിൽ വീടുവയ്ക്കാൻ മോഹംകെട്ടിടനിർമ്മാണ മേഖലയിൽ 350രൂപ കൂലിക്ക് 'ഓഫർ' വന്നപ്പോഴും കൃഷിയിൽ വൈകിട്ട് പിടിച്ചുനിന്നതാണ് തന്റെ വിജയമെന്ന് മിലൻ പറയുന്നു. രാവിലെ ഏഴുമുതൽ അഞ്ചുവരെ എല്ലായിടത്തുമെത്തും. കൃഷിയൊരുക്കാനും വളമിടാനും വിളവെടുപ്പിനുമെല്ലാം മുന്നിലുണ്ടാകും. കാർഷികവിളകൾ കയറ്റുമതി ചെയ്യാൻ സ്വന്തമായി എക്സ്പോർട്ടിംഗ് കമ്പനിയാണ് അടുത്ത ലക്ഷ്യം. അതിനുശേഷമേ വിവാഹം കഴിക്കുകയുള്ളു. സ്വന്തമായി വീടുവച്ച് കേരളത്തിൽ ജീവിക്കാനാണ് മോഹം

"കൃഷിയുടെ മഹത്വം എല്ലാവരും തിരിച്ചറിയണം ആത്മാർത്ഥതയോടെ ജോലി ചെയ്താൽ കൃഷിയിൽ നിന്ന് വരുമാനം ഉണ്ടാക്കാം "- 

മിലൻ ഷേഖ്